കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തി സണ്ണി എം. കപിക്കാട്. സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ടെത്തിയ ശേഷം നിലപാട് മാറ്റിയതിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്ന് സണ്ണി എം. കപിക്കാട് പറഞ്ഞു.
തനിക്ക് വ്യക്തിപരമായി മത്സരിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നില്ലെന്നും എന്നാൽ ദളിത് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ പല കോൺഗ്രസ് നേതാക്കളും സംസാരിച്ചപ്പോഴാണ് സമ്മതം അറിയിച്ചതെന്നും സണ്ണി എം. കപിക്കാട് വ്യക്തമാക്കി.
വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പരിഗണിക്കാതിരുന്നതിന് പിന്നിലെ കോൺഗ്രസിന്റെ വിലയിരുത്തൽ എന്താണെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കണമെന്ന് സണ്ണി എം. കപിക്കാട് ആവശ്യപ്പെട്ടു.